2014, ഡിസംബർ 21, ഞായറാഴ്‌ച

മുറ്റത്തെ മുല്ല

മുറ്റത്തെ മുല്ലക്കും മണമുണ്ട്: ========================== ‘മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന ചൊല്ല് ഏതു നാടിനെയും അവിടത്തെ പ്രതിഭയേയും ചേര്‍ത്തു വച്ചു നോക്കിയാലും പലപ്പോഴും പ്രസക്തമാണെന്നു തോന്നാറുണ്ട്. ഗതി കെട്ട് മുല്ല തന്നെ ഞാന്‍ ഈ മുറ്റത്തു തന്നെ ഉണ്ടേ എന്നു വിളിച്ചു കൂവിയാലും ആരും മൈന്‍ഡ് ചെയ്യാറില്ല. പിന്നെ ഈ മുല്ലയുടെ മണമറിഞ്ഞ മറ്റു നാട്ടുകാരുടെ പ്രശസ കേട്ട് നിവര്‍ത്തി ഇല്ലാതെ വരുമ്പോള്‍ മാത്രമാണു മനസ്സില്ലാ മനസ്സോടെ മുല്ലയുടെ മണമറിയാന്‍ വീട്ടുകാര്‍ തയ്യാറാവുന്നത്. ചരിത്രമെടുത്താലും വര്‍ത്തമാനം ആയാലും ശ്രീക്രിഷ്ണപുരവും മറ്റു നാടുകളില്‍ നിന്നു വിഭിന്നമല്ല. എന്നാല്‍ ഈ പതിവിനു ഒരു മാറ്റമാ‍ാണു പെരുമാങ്ങോട് അമ്പലത്തിലെ നിറമാലയോട് അനുബന്ധിച്ച് ഇത്തവണ മീരാ രാം മോഹന്റെ കച്ചേരിക്ക് വേദി ഒരുക്കി കൊണ്ട് ഭാരവാഹികള്‍ കാണിച്ചിരിക്കുന്നത്. പരദേശങ്ങളില്‍ നിന്നുള്ള പ്രശസ്തരുടെ കച്ചേരി മാത്രം നടത്തി വന്നിരുന്നതിനു പകരം താരതമ്യേന പ്രശസ്തി കുറവായ( കര്‍ണ്ണാടക സംഗീത കച്ചേരികളും ക്ലാസ്സുകളും കഥകളി പദങ്ങളും , ഡാന്‍സുകളുടെ പിന്നണിയും പാടിക്കൊണ്ടിരുന്ന മീര സ്വപാനം എന്ന സിനിമാഗാനത്ത്ലൂടെ കൂടുതല്‍ ശ്രദ്ധേയയായി മാറി എന്നതു വിസ്മരിക്കുന്നില്ല) ഒരു പക്ഷേ തുടക്കക്കാരിയായ ഒരു കലാകാരിക്ക് അവസരം നല്‍കി എന്നത് ചെറിയ കാര്യമല്ല. ആ വേദിക്കു മുന്നിലെ നിറഞ്ഞ സദസ്സ് കേവലം സ്വജന സ്നേഹം പോലുള്ള രസതന്ത്രങ്ങള്‍ക്ക് അപ്പുറം നല്ല സംഗീതത്തെ ഇഷ്ടപ്പെടുന്നവരായിരുന്നു. ആ ഓഡിയന്‍സിനെ നിരാശരാക്കാതെ അവരുടേ പ്രതീക്ഷക്കപ്പുറം മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ മീരയ്ക്ക് ആയി മൂന്നു മണിക്കൂറോളമുള്ള ആരാഗസുധ കര്‍ണ്ണാ‍നന്ദകരമായിരുന്നു .ഈ മികച്ച കലാകാരി സംഗീത ലോകം കീഴടക്കുന്ന അവസരത്തില്‍ , ഈ കലാകാരിയ്ക്ക് വേണ്ടി ഒരു ചെറിയ സംഭാവനയെങ്കിലും ചെയ്യുവാന്‍ ഈ നാടിനും ഭാഗ്യമുണ്ടായി എന്ന് നമുക്ക് അഭിമാനിക്കാം.. നാടിന്റെ ഈ ഗുണപരമായ മാറ്റത്തി
ന് ഇനിയും തുടര്‍ച്ചകള്‍ ഉണ്ടാകട്ടെ... ഈ നാട് ലോകത്തിനു ഒരു മാത്ര്കയാകട്ടെ. ശ്രീമതി മീരക്ക് കലാരംഗത്ത് കൂടുതല്‍ ഉന്നതിയും പ്രശസ്തിയും കൈവരിക്കുന്നതിനു പെരുമാങ്ങോട് ഭഗവാന്‍ തുണയാവട്ടെ. മുറ്റത്തുള്ള എല്ലാ മുല്ലകളുടേയും മണം വഹിക്കുന്ന മന്ദമാരുതന്‍ ഇവിടെ എന്നുമെന്നും ഈ മണ്ണിനെ തഴുകി കൊണ്ടിരിക്കട്ടെ


ശ്രീമതി മീര രാം മോഹന്‍ പാടുന്നു..വയലിന്‍: ശ്രീ പ്രമോദ് മൂര്‍ത്തിയേടം, മ്ര്ദംഗം ശ്രീ സുധാകരന്‍ മൂര്‍ത്തിയേടം, ഘടം ശ്രീ വെള്ളിനേഴി സതീഷ്, മുഖര്‍ശംഖ് ശ്രീ രമേഷ്