2012, മാർച്ച് 9, വെള്ളിയാഴ്‌ച


വിളറിയ ചിരി
നല്ല നട്ടുച്ച നേരം .ഒരു കൂട്ടം ആളുകള്‍വന്നു.”എന്താ ഈ പാതിരയ്ക്ക്….”
“പാതിരയൊ “അയാളുടെ ശബ്ദം ഉറക്കെ ആയിരുന്നു
“ആ…പാതിരയ്ക്ക്!”
“ഇപ്പോള്‍ നട്ടുച്ച തന്നെയാണു.”അയാള്‍ തറപ്പിച്ചു പറഞ്ഞു’
“കാണാം”കൂട്ടത്തിന്റെ ശബ്ദത്തിനു എന്തോ പന്തികേട്.ആ കൂട്ടം  തല്‍ക്കാലം രംഗം വിട്ടു.
ആരൊക്കെയൊ വഴിപോക്കര്‍ വന്നും പോയുമിരുന്നു.പലരോടും അയാള്‍ ചോദിച്ചു കൊണ്ടേയിരുന്നു.
“തലയ്ക്കു മീതെ ഉദിച്ചു നില്‍ക്കുന്നതു സൂര്യനല്ലെ?”
“അതേ “വഴിപോക്കന്റെ മറുപടി കേട്ട  .അയാള്‍ക്ക് ഉത്സാഹമായി.അതിനിടയ്ക്കു.ഇടവഴിയുടെ ഭിത്തികളിലെ ചെറിയ പൊത്തുകളില്‍ നിന്നു ഏതൊക്കെയൊ ചെവികള്‍നീണ്ടു നില്‍ക്കുന്നത് അയാള്‍ കണ്ടു.ചില പൊത്തുകളില്‍ നിന്നു തിളങ്ങി നിന്ന കണ്ണുകള്‍ക്ക് മുത്തശ്ശീക്കഥയിലെവിടെയോ കണ്ട പിശാചിന്റെ വന്യഭാവം.ഏതോ വിഷ സര്‍പ്പങ്ങളുടെ  സീല്‍ക്കാരങ്ങള്‍.ഉള്ളില്‍ എവിടെയൊ തിരയിട്റ്റ ഭയം ഒതുക്കി അയാള്‍ ചോദ്യം തുടര്‍ന്നു.
“ഇപ്പോള്‍ വെളിച്ചമില്ലേ? “ഉണ്ടല്ലോ”
“ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും ഒന്നുമില്ലല്ലോ?”
“എന്താ സംശയം !ഇല്ല.”
“ഇപ്പോള്‍ നല്ല വെയിലല്ലേ?”
“ചോദിക്കാനുണ്ടോ! എന്താ ചൂട്!”
അയാള്‍ക്ക് ആവേശമായി.
“എങ്കില്‍ പറയൂ.ഇപ്പോള്‍ നട്ടുച്ചയല്ലേ?”
വഴിപോക്കന്‍ ചുറ്റും നോക്കി.മാളങ്ങളിലെ സീല്‍ക്കാരം ഉച്ചത്തിലായിരിക്കുന്നു.”അതു പിന്നെ….ഞാന്‍…ഈ നാട്ടുകാരനല്ല” “ഹ ഹ ഹ ഹ…..അട്ടഹാസം ആ മാളങ്ങളില്‍ നിന്നു തന്നെ ആയിരുന്നു.
ഏതോ ഊടു വഴിയിലെക്കു ഒഴുകി മാഞ്ഞു പോയ വഴിപോക്കന് സിംഹത്തിനു മുന്നില്‍ പെട്ട പേടമാനിന്റെ ഛായയാണെന്നു അയാള്‍ ഓറ്ത്തു.
“ഇതാ വരുന്നു പുതിയൊരു ആള്‍ക്കൂട്ടം . കണ്ടാല്‍ നല്ല കരുത്തുള്ളവരാണെന്നു തോന്നുന്നു
ഇവരോടു ചോദിക്കാം.“
അയാള്‍ ചോദ്യം ഒന്നില്‍ നിന്നു തന്നെ തുടങ്ങി. മണി മണി പോലെ ഉത്തരം വന്നു. “തരക്കേടില്ല.ഇപ്പോള്‍ തീരുമാനമാകും“അയാള്‍ക്കു പ്രതീക്ഷ കൂടി വന്നു.
“ഇപ്പോള്‍ നട്ടുച്ചയല്ലേ…?”
“എന്താ സംശയം! നട്ടുച്ച തന്നെ.ധൈര്യമായി പറയാം..നട്ടുച്ച എന്ന്. പറയണം. പറഞ്ഞേ തീരൂ.”
“ഹാവൂ… ആശ്വാസമായി. ഇങ്ങനെ ചിലരെങ്കിലും”എങ്കില്‍ നിങ്ങള്‍ കരുത്തരായ ഇത്രയും പേറ് ചേര്‍ന്നു നമുക്ക് ഒന്നിച്ചു പറഞ്ഞാലോ…”ചോദ്യ്‌വുമായി തിരിഞ്ഞ് അയാള്‍ തരിച്ചു നിന്നു. ആരേയും കാണാനില്ല.
“ഹഹഹഹ“മാളങ്ങളില്‍ നിന്നും അട്ടഹാസത്തില്‍ പുതിയ ചില ശബ്ദങ്ങളും കൂടുതല്‍ ഉച്ചത്തിലായിരിക്കുന്നു.
“നട്ടുച്ച എന്നു പറയാന്‍ ഞാന്‍ എന്തിനു മടിക്കണം .അതല്ലേ സത്യം. എനിക്കെന്താ. നഷ്ടം!”അയാള്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അയാളുടെ കഴുത്തില്‍ ഒരു ചോദ്യചിഹ്നം പിടി മുറുക്കി.
“നഷ്ടം..ഇപ്പൊള്‍ ഒന്നുമില്ല.പക്ഷെ ..ഉറക്കം വരുമ്പോള്‍!
പ്രണയിക്കുമ്പോള്‍! വിശക്കുമ്പോള്‍!
“അല്ല. ഇപ്പോള്‍ രാത്രിയാണു.രാത്രി മാത്രം പാതിരാത്രി”
പുതപ്പെടുത്ത് അയാല്‍ മൂടിപ്പുതച്ചു കിടന്നുറങ്ങി.
മാളങ്ങളിലെ ശാന്തത കണ്ടു തലയ്ക്കു മുകളില്‍ നിന്നിരുന്ന സൂര്യന്‍ ചിരിച്ചു. ഒരു വിളറിയ ചിരി.      [രചന:മോഹനന്‍]