2014, മാർച്ച് 28, വെള്ളിയാഴ്‌ച

ഈ വിജയത്തില്‍ രഹസ്യമായി ഞാനും സന്തോഷിച്ചോട്ടേ.....


കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക സംവിധായകനുള്ള അവാര്‍ഡ് നേടിയ മിസ്റ്റര്‍ അരുണ്‍ലാല്‍...പെരിങ്ങോട് സ്കൂള്‍ വാര്‍ഷികത്തില്‍ വച്ച് ആദരിക്കപ്പെട്ടപ്പോള്‍.......അരുണ്‍ലാലിന്റെ ഈ വിജയത്തില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തികളില്‍ ഒരാളാണു ഞാന്‍. ബാലനായിരുന്ന അരുണ്‍ലാലിന്റെ മനസ്സില്‍ നാടകത്തിന്റ്റെ ആദ്യവിത്ത് എറിഞ്ഞ വ്യക്തി ഞാന്‍ ആയിരിക്കും എന്നതു ആ സന്തോഷത്തെ ഇരട്ടിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പെരിങ്ങോട് സ്കൂളില്‍ അധ്യാപനം തുടങ്ങിയ ആദ്യ വര്‍ഷങ്ങളില്‍ അരുണ്‍ലാല്‍ അവിടത്തെ എല്‍ പി വിദ്യാര്‍ത്ഥി ആയിരുന്നു. അന്നു എല്‍ പി സ്കൂളുകള്‍ക്ക് കലോത്സവത്തില്‍ ജില്ലാതലം വരെ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്ന കാലം. നാടകം തുടങ്ങി എല്‍ പി ക്കാര്‍ക്ക് കൂടുതല്‍ ഇനങ്ങളില്‍ മത്സരിക്കാന്‍ അവസരം ഉണ്ടായിരുന്ന കാലം . കവയത്രി കൂടി ആയ കെ. പി ശൈലജ ടീച്ചര്‍, ഇപ്പോഴത്തെ എല്‍ പി ഹെഡ്മിസ്ട്ട്രസ് സൂര്യാഭായ് ടീച്ചര്‍ എന്നിവരുടെ നേത്രുത്വത്തില്‍ നടത്തിയിരുന്ന കലോത്സവ പരിശീലനത്തിന്റെ ചുമതലയില്‍ എനിക്കും പങ്കാളിത്തം ലഭിച്ചു. മോണോആക്റ്റ് , നാടകം എന്നിവയുടെ ചുമതല്‍ എനിക്കു ലഭിച്ചു. അതു വരെ തുടര്‍ന്നു വന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി ഒരു മോണോ ആക്റ്റ് ഞാന്‍ രൂപ കല്പന ചെയ്തു. അഭിനയിക്കാന്‍ ആയി തിരഞ്ഞെടുത്തത് അരുണ്‍ലാലിനെ.“ മുക്കുവനും ഭൂതവും ” എന്ന കഥയാണു ഞാന്‍ മോണോ ആക്റ്റ് ആക്കിയത്. കഥകളിയുടെ ചില സങ്കേതങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ ആ മോണോ ആക്റ്റിനു ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ശൈലജ ടീച്ചര്‍ കൊണ്ടു വന്ന എം എസ് നമ്പൂതിരിയുടെ ചില സ്ക്രിപ്റ്റുകള്‍ ഉള്‍പ്പെടെ അക്കാലത്ത് എന്റെ സംവിധാനത്തില്‍ കലോത്സവത്തില്‍ പങ്കെടുപ്പിച്ചു. കുന്താപ്പി ഗുലു ഗുലു,മോഹന സുന്ദര പാലം തുടങ്ങിയവ അവയില്‍ ചിലതു. അരുണ്‍ലാല്‍ , രാജശ്രീ, കണ്ണന്‍ വിജയന്‍... തുടങ്ങി പല കുട്ടികളും അന്നു അഭിനയത്തില്‍ മികവു പുലര്‍ത്തിയിരുന്നു. അതില്‍ അരുണ്‍ലാല്‍ മാത്രമാണെന്നു തോന്നുന്നു പില്‍ക്കാലത്ത് നാടകം സ്വന്തം വഴിയായി തിരഞ്ഞെടുത്തത്. ഞാന്‍ പഠിപ്പിച്ചിട്ടുണ്ടെങ്കിലും അന്നു എന്റെ ശ്രദ്ധയില്‍ പെടാതെ പോയി പിന്നീട് നാടക വഴിയില്‍ വിജയിച്ച് മുന്നേറുന്ന മറ്റൊരു വ്യക്തിയാണു അസി പെരിങ്ങോട് എന്ന് വിളിക്കുന്ന അസീസ് . മറ്റു കുട്ടികള്‍ ഒക്കെ ഏതു നിലയില്‍ ആണു എന്നു അറിവില്ല എങ്കിലും അവര്‍കകും ജനമസ്സുകളുടെ ആദരം ഏറ്റു വാങ്ങുന്ന അരുണ്‍ലാലിനും കലയുടെ ഈ ലോകത്തു കൂടുതല്‍ വിജയങ്ങള്‍ ഉണ്ടാകട്ടെ എന്നു മനസ്സു നിറഞ്ഞ് അനുഗ്രഹിക്കുന്നു.