2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ഭാവഗായകൻ .

ഭാവഗായകൻ ..സ്ഥാനത്തും അസ്ഥാനത്തും. പ്രയോഗിച്ച് പ്രയോഗിച്ച് അർത്ഥലോപം വന്ന ഒരു പദമാണ് " ഭാവഗായകൻ " ആരാണ് ഭാവ ഗായകൻ ? ഭാവാത്മകമായി ഗാനം ആലപിക്കുന്ന ഗായകനാണ് ഭാവഗായകൻ .മറ്റു കലാരൂപങ്ങളിലെ കഥാപാത്രങ്ങളുടെ ഭാവങ്ങളിൽ നിന്നും വ്യത്യസ്തമാണ് കഥകളിയിലെ കഥാപാത്രങ്ങളുടെ ഭാവം .പുരാണ കഥാപാത്രങ്ങളാണ് കഥകളിയിൽ അധികവും. ആ കഥാപാത്രങ്ങളെ ഇന്നു നാം നേരിൽ കാണുന്ന സാധാരണ മനുഷ്യരുടെ മാന സിക തലം ഉള്ളവരായി സിനിമ, ബാലെ ,സീരിയൽ  ഉൾപ്പെടെ പല കലാരൂപങ്ങളിലും അവതരിപ്പിച്ച് വികൃതമാക്കുന്ന രീതി നാം പലപ്പോഴും കാണാറുണ്ട് .എന്നാൽ കഥകളിയിൽ ഓരോ കഥാപാത്രത്തേയും ആഴത്തിൽ ഉൾക്കൊണ്ട്  തന്നെ ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  കുചേല വൃത്തം  ആട്ടക്കഥയിലെ കുചേലനും കുചേല പത്നിക്കും  ഇന്ന് നാം കാണുന്ന ഒരു സാധാരണ നമ്പൂതിരിയുടെ സ്വഭാവമോ പ്രകൃതമോ മാനസിക നിലയോ അല്ല കഥകളിയിൽ എങ്കിലും കൽപിച്ചിട്ടുള്ളത് .  ഇക്കാര്യം  വിസ്മരിക്കപ്പെടുന്നതായാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. വേഷക്കാർ പരമാവധി സ്ഥായീ ഭാവം നിലനിറുത്താൻ ശ്രദ്ധിക്കാറുണ്ട്.  എന്നാൽ ഈ പാത്ര സ്വഭാവത്തെ കുറിച്ച് ചിന്തിക്കാത്ത ആസ്വാദകരുടെ നിർബന്ധങ്ങൾക്ക് മുന്നിൽ വഴങ്ങി കൊടുക്കേണ്ടി വരുന്ന ഗായകർക്ക് ഈ നില എല്ലാം വിട്ട് ചില കണ്ഠ  വ്യായാമങ്ങൾ / സർക്കസുകൾ  നടത്തേണ്ടി വരുന്നില്ലേ എന്ന് സംശയമുണ്ട്. . ബ്രഹ്മജ്ഞാനി ആയ പരമ സാത്വീകനായ ഒരു ബ്രാഹ്മണനാണ് കുചേലൻ .ആത്മീയ ജ്ഞാനത്തിന്റെ നിറകുടം .ഈ ലോകത്തെ സുഖ ദു:ഖങ്ങളെ എല്ലാം നിർമ്മമതയോടെ കാണുന്നവൻ.  ഭാര്യ കുടുംബം എല്ലാം ദൈവപ്രാപ്തിയിലേക്ക് പോകുന്നതിനിടക്കുള്ള കർമ്മങ്ങൾ മാത്രം എന്ന് കരുതുന്നയാൾ .ദാരിദ്യം പോലും ദൈവ അനുഗ്രഹം എന്നു കരുതി ജീവിക്കുന്ന പരമസാത്വികൻ.  .ആ കുചേലനെ ദൈവത്തെ പോലെ പൂജിക്കുന്ന ധർമ്മ പത്നിയും  കുചേല നോളം തന്നെ അറിവും പക്വതയും ആർജിച്ചവൾ .ഭൗതിക സുഖങ്ങളിൽ അശേഷം താൽപര്യം ഇല്ലാത്ത കുചേലനെ പാദപൂജ ചെയ്യുന്ന ആ ധർമ്മ പത്നി. തന്റെ ഭർത്താവിനു വേണ്ടി എല്ലാ ഭൗതിക  മോഹങ്ങളേയും നിയന്ത്രിക്കാൻ കഴിവു നേടിയവൾ തന്നെ ആണ്  കുചേല പത്നി .തികഞ്ഞ പതിവ്രത . അങ്ങേയറ്റത്തെ ദാരിദ്യ o   പോലും ദൈവഹിതമായി സന്തോഷത്തോടെ ഏറ്റു വാങ്ങുന്ന  ആ കുചേല പത്നിയാകട്ടെ   തങ്ങളുടെ മക്കളുടെ വിശപ്പിനെ ഓർത്ത് മാത്രമാണ്  ഭർത്താവിനോട് സതീർത്ഥ്യനായ കൃഷ്ണനെ ചെന്നു കണ്ടു കൂടെ എന്ന് അപേക്ഷിക്കുന്നത് .കുചേല വൃത്തത്തിലെ   കുചേലന്റെയും കുചേല പത്നിയു ടെയും,  കഥാ   പാത്ര സ്വഭാവം ഇങ്ങനെ ആണ് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ സ്വഭാവമുള്ള കുചേല പത്നിയുടെ കുചേലനോടുള്ള പദമാണ് " കല്യാണാലയ വാചം " എന്നു തുടങ്ങുന്ന പദം .എങ്കിൽ ഈ സ്വഭാവം ഉടനീളം നില നിർത്തുന്ന ഒരു ആലാപന രീതി ആണ് ഈ പദത്തിന് ആവശ്യമുള്ളത് എന്ന് മനസ്സിലാക്കി തന്നെ ആണ് ഇത് ചിട്ടപ്പെടുത്തിയിട്ടുള്ളത് . ദ്വിജാവന്തി രാഗത്തിലാണ് ഇത് പാടാറുള്ളത്. ദ്വിജാവന്തി രാഗത്തിൽ പല കീർത്തനങ്ങളും പിൽക്കാലത്ത് ചില  ഭക്തി ഗാനങ്ങളും നമ്മൾ കേട്ടിട്ടുണ്ടെങ്കിലും  അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ആലാപന രീതി ആണ്  കഥകളിയിൽ സ്വീകരിച്ചിട്ടുള്ളത് .മേൽ പറഞ്ഞ പാത്ര സ്വഭാവം നില നിറുത്തുവാൻ   വേറിട്ട വഴിയിൽ ഉള്ളകഥകളിയിലെ ദ്വിജാവന്തി   വളരെ അധികം സഹായിക്കുന്നുണ്ട്. മറ്റു സംഗീത പദ്ധതിയെ അനുകരിച്ച് ഭൃഗകളും സഞ്ചാരങ്ങളും നടത്തുമ്പോൾ  സംഗീത പ്രേമികൾക്ക് കർണ്ണാമൃതം ആകുമെന്നത് ശരി തന്നെ .എന്നാൽ ഗായകന്റെ  കഴിവ്  അവിടെ മുഴച്ചു നിൽക്കുകയും കുചേല പത്നിയുടെ പാത്ര സ്വഭാവം നഷ്ടപ്പെടുന്നതായും പലപ്പോഴും അനുഭവപ്പെടാറുണ്ട്. ഈ അവസരത്തിൽ എന്റെ അച്ഛൻ തിരൂർ നമ്പീശന്റെ വാക്കുകൾ ഞാൻ ഓർത്ത് പോവുകയാണ് "  കഥകളിയിൽ ഭൃഗ ഉപയോഗിക്കന്നത് വിരളമാണ് .അമിത ഭുഗ ഭാവത്തിന് കോട്ടം വരുത്തും "   .....             ഒരു പക്ഷെ ഇതു തന്നെ ആയിരിക്കാം അദ്ദേഹവും ഉദ്ദേശിച്ചത് .ചുരുക്കി പറഞ്ഞാൽ രാഗസഞ്ചാരങ്ങൾക്കോ ഭൃഗ കൾക്കോ സംഗതികൾക്കോ അമിതമായ ഊന്നൽ കൊടുക്കാതെ രാഗഭാവം നിലനിർത്തി ,അതിൽ ഉപരി കഥാപാത്രത്തിന്റെ സ്ഥാനം സ്ഥായി മാനസിക അവസ്ഥ ഉൾക്കൊണ്ട് താളത്തിനകത്ത് അക്ഷരങ്ങൾ നിരത്തി പാടുക മാത്രമാണ് കഥകളിക്ക് പാടുന്ന ഒരു പാട്ടുകാരൻ ചെയ്യേണ്ടതുള്ളൂ. തന്റെ ശാരീരത്തിന്റെ മേന്മയും കർണാടക സംഗീതജ്ഞാനത്തിന്റെ അളവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദി ആയി കളിയരങ്ങുകൾ മാറാതെ നോക്കുക എന്നത് തന്നെ ആണ് പക്വതയാർജിച്ച ഒരു കഥകളി പാട്ടുകാരന്റെ ലക്ഷണം എന്ന്  തെളിയിച്ചു കൊണ്ട് ഒരു ആലാപനം അടുത്ത ദിവസം കേൾക്കാൻ ഭാഗ്യം ഉണ്ടായി. കുചേല പത്നിയുടെ സ്ഥായീ ഭാവം നിലനിറുത്തി കൊണ്ടുള്ള ഒരു ആലാപനം.....ശ്രീ. കലാമണ്ഡലം സുബ്രഹ്മണ്യൻ.....   ഒരു പക്ഷെ ഇത്തരത്തിൽ ഭാവപൂർണ്ണമായ  ഒരു ആലാപന സമ്പ്രദായം സ്വീകരിച്ച കഥകളി ഗായകർ ഇനി വളരെ  അപൂർവ്വമാണെന്നു തന്നെ പറയേണ്ടി വരും .കലാമണ്ഡലം നീല കണ്ഠൻ നമ്പീശനാശാൻ ,ശിവരാമൻ നായർ ആശാൻ മാധവപണിക്കരാശാൻ എന്നിവരടങ്ങിയ കലാമണ്ഡലം  ശൈലിയുടെ പിൻതുടർച്ചക്കാരിൽ അവശേഷിക്കുന്ന ഏതാനും കണ്ണികളിൽ ഒരാളായ ശ്രീ.  കലാമണ്ഡലം  സുബ്രഹ്മണ്യന്റെ ആലാപനത്തിന്റെ സുഖo .. അതൊന്നു വേറെയാണ്. പ്രായത്തെ എല്ലാം മറികടന്ന് ഈ എഴുപത്തൊന്നാം വയസ്സിലും അത് അനർഗളമായി ഒഴുകുമ്പോൾ നമുക്ക് ഉറപ്പിച്ചു  പറയാം ഭാവഗായകൻ എന്ന വിശേഷണത്തിന് ഇദ്ദേഹം തീർച്ചയായും അർഹനാണ്.     .ശ്രീ.  കലാ . അനന്ത നാരായണൻ ആ വഴി  വളരെ നന്നായി പിന്തുടരുന്നു .

https://www.youtube.com/watch?v=TbeZedHN3Kc

ശ്രീ. കലാമണ്ഡലം സുബ്രഹ്മണ്യൻ ," തിരൂർ നമ്പീശൻ സ്മാരക  കഥകളി സംഗീതാചാര്യ പുരസ്കാരം .2016 "   ശ്രീ. കോട്ടക്കൽ ഗോപി നായരിൽ നിന്ന് ഏറ്റു വാങ്ങുന്നു . @ പെരിങ്ങോട് on  10. 8 .2016⁠⁠⁠⁠

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ