2014, മാർച്ച് 3, തിങ്കളാഴ്‌ച

ഹോം വര്‍ക്ക്

“ഹോം വര്‍ക്ക് കൊടുക്കുന്നതു പോരാ.. പോരാ..”  സാധാരണ പീ ടി എ യോഗങ്ങളില്‍ചില രക്ഷിതാക്കള്‍ ഉയര്‍ത്തുന്ന സ്ഥിരം പരാതി ആണു ഇതു. മുമ്പത്തേക്കാള്‍ ശതമാനം കൂടിയിട്ടുണ്ടെങ്കിലും സ്കൂളില്‍ കുട്ടിയെ കുറിച്ച് അന്വേഷിക്കാന്‍/ പി ടി എ ക്ക് വരുന്നവരുടെ എണ്ണം  വളരെ കുറവാണു . വരുന്നവരില്‍ തന്നെ ഭൂരിഭാഗവും മിനുട്സില്‍ ഒപ്പിട്ട് പോകാന്‍ പാകത്തിനു വാഹനം വിളിച്ചാണു വരുന്നത്. വളരെ നിര്‍ബന്ധമായി ഇരുത്തിയാല്‍ തന്നെ കുട്ടിയുടെ നിലവാരം, അതുയര്‍ത്താന്‍ ചെയ്യുന്ന കാര്യം ഇവയെ കുറിച്ചൊക്കെ കണ്ഠ ക്ഷോഭം ചെയ്താല്‍ “ അവന്‍ വീട്ടില്‍ വന്നാല്‍ ഒന്നും ചെയ്യുന്നില്ല. നല്ല അടി കൊടുത്തോളൂ ,”എന്നും പറഞ്ഞു  തടി തപ്പുന്നവരാണു ഭൂരിഭാഗവും . അവശേഷിക്കുന്ന വിരലില്‍ എണ്ണാവുന്ന രണ്ടോ മൂന്നോ പേരാണു ഹോം വര്‍ക്കിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍. അയല്പക്കത്തെ ഇംഗ്ലീഷ് മീഡിയം കുട്ടിക്ക് അവരുടെ മമ്മി/ ട്യൂഷന്‍ ടീച്ചറ്  my head= അച്ഛന്റെ തല എന്നു ആവര്‍ത്തിച്ച് എഴുതിക്കുന്നതു പോലെ തന്റ്റെ കുട്ടിയെ കൊണ്ടും എന്തെങ്കിലും ഒക്കെ ചെയ്യിക്കണം എന്നും അതിലൂടെ തന്റെ കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തില്‍ അയക്കാന്‍ കഴിയാത്ത ദുഖംതീറ്ക്കണം എന്നുമാണു ഇതില്‍ ചിലരുഇടെയെങ്കിലും ഉള്ളിലുള്ളതു. രക്ഷിതാക്കള്‍ വിദ്യാലയത്തിന്റെ ഭാഗമാണു എന്ന തിരിച്ചറിവു ഉള്ളതിനാലും എ, ന്തെങ്കിലും അഭിപ്രായമുള്ളവരാണല്ലോ ഇവര്‍ എന്നതിനാലും ഇവരെ ത്രുപ്തിപ്പെടുത്താതെ തരമില്ല. അതിനാല്‍ ഞങ്ങളില്‍ പലരും ദിവസവും ഹോം വര്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. പുതിയ പഠന രീതി അനുസരിച്ച് അല്ലെങ്കില്‍ തന്നെ വിവരശേഖരണം, സ്വര്‍വേ, തുടങ്ങി സ്കൂളിനു പുറത്തു പല പഠനപ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് ചെയ്യാനുണ്ട് എന്നതാണു വസ്തുത.( അവയില്‍ പലതിനും രക്ഷിതാക്കളുടെയും സന്മൂഹത്തിന്റേയും സഹായം അനിവാര്യമാണ്‍. എന്നാല്‍ അത്തരം കാര്യങ്ങളില്‍ പോലും ആരുടേയും സഹായം കുട്ടികള്‍ക്ക് ലഭിക്കുന്നില്ല) എന്നാല്‍ അതൊന്നും ഹോം വര്‍ക്കായി മേലപറഞ്ഞ വിഭാഗക്കാറ് അംഗീകരിക്കുന്നില്ല. ഇനി ഹോം വര്‍ക്ക് കൊടുത്താലോ  40 കുട്ടികള്‍ ഉള്ള ക്ലാസ്സില്‍ പത്തില്‍ താഴെ പേരാണു അതു ചെയ്തു വരുന്നവര്‍. പല പി. ടീ എ യോഗങ്ങളിലും ഇക്കാര്യം അവതരിപ്പിക്കാറുണ്ട്. ഫലം തഥൈവ. ഹോം വര്‍ക്കിനായി മുറവിളി കൂട്ടുന്നവരുടെ കുട്ടികള്‍ പോലും അതു ചെയ്യുന്നില്ല.  കാരണം അന്വേഷിക്കാതെ തരമില്ലല്ലോ. അന്വേഷിച്ചു. കുട്ടികളുടെ ദൈനം ദിന പഠന പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് സഹായിക്കുന്നത് ഒന്നോ രണ്ടോ രക്ഷിതാക്കള്‍ മാത്രമാണു എന്നതാണു സത്യം . ഭൂരിഭാഗം പേരും മാസത്തില്‍ ഒരിക്കലോ പരീക്ഷപേപ്പറ് കിട്ടുമ്പോഴോ മാത്രമാണു കുട്ടികളുടെ പുസ്തകം ഒന്നു കാണുന്നതു തന്നെ. ഇതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ ഒരു രക്ഷിതാവിന്റെ ഭാഗത്തു നിന്നു ചിന്തിച്ചേ മതിയാകൂ.നമ്മുടെ പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികള്‍ സാമ്പത്തികമായി   ഇടത്തരം അധവാ പിന്നോക്ക അവസ്ഥയിലുള്ള സാഹചര്യങ്ങളില്‍ നിന്നു വരുന്നവരാണു. കുടുംബം പുലര്‍ത്തുന്നതിനായി രാപകല്‍ വിയര്‍പ്പൊഴുക്കുന്ന(സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ ഭൂരിഭാഗവും വാര്‍പ്പു പണി ,തൊഴിലുറപ്പ, മരപ്പണി തുടങ്ങി കായിക  അധ്വാനം ഏരെ ആവശ്യമുള്ള തൊഴിലുകള്‍ ചെയ്യുന്നവരാണു) ഇവര്‍ പകലത്തെ അദ്ധ്വാനത്തിനു ശേഷം വേണം വീട്ടിലെത്തി അടുപ്പ് കത്തിച്ച് മക്കള്‍ക്ക് രണ്ട് വറ്റ് കൊടുക്കുവാന്‍. അതു കഴിയുമ്പോഴേക്കും ഒന്നു തല ചായ്ച്ചാല്‍ മതി എന്ന അവസ്ഥയിലായിരിക്കും.കുടുംബനാഥന്‍ മദ്യപാനശീലക്കാരന്‍ ആണെങ്കില്‍  അതെ തുടര്‍ന്നുള്ള വഴക്കും വയ്യാവേലിയും വേറെയും. ഇതിനിടയില്‍ താന്‍ പണ്ട് എങ്ങോ പഠിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട \ പഠിച്ച് മറന്നു പോയ പാഠങ്ങള്‍ ഓര്‍ത്തെടുത്ത് കുട്ടിയെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കാനുള്ള കരുത്ത് എത്ര രക്ഷിതാക്കള്‍ക്ക് കാണും? വേണമെങ്കില്‍ പോയിരുന്നു പഠിക്കെടാ എന്ന്  കുട്ടിയോട് ഒന്നു കണ്ണുരുട്ടാം (മദ്യപാനശീലമില്ലാത്തവരാണെങ്കില്‍ പോലും ഒന്നു പുറത്തിറങ്ങുകയോ ,ടി വി കാണുകയോ ചെയ്ത് ഒന്നു റിലാക്സ് ചെയ്യാനായിരിക്കും ശ്രമിക്കുക. തന്റെ കുട്ടിയോടുള്ള കടമ നിറവേറ്റുന്നു എന്നു  സ്വയം ബോധ്യം വരുത്താന്‍ ഏതെങ്കിലും ട്യൂഷനു കുട്ടിയെ ചേര്‍ക്കുക മാത്രമാണു ഈ രക്ഷിതാവിനു പിന്നെ ആകെ ചെയ്യാനുള്ളത്(സ്കൂളില്‍ നടക്കുന്ന പഠനത്തിനെ സഹായിക്കുന്നതിനു പകരം വേറെ ഒരു രീതിയില്‍ പാഠം പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന ചില   ട്യൂഷന്‍ ക്ലാസുകള്‍ പലപ്പോഴും ഈ കുട്റ്റികള്‍ക്ക് മറ്റൊരു പീഡനകേന്ദ്രമായി മാറുന്നതും ആരും അറിയാറില്ല) . ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഒരു രക്ഷിതാവു എത്ര മാത്രം നിസ്സഹായനാണു.    കുട്ടിയെ പഠിപ്പിക്കാന്‍ ചുമതലപ്പെട്ട ഒരു സ്ഥാപനത്തില്‍ ഏല്പിച്ചു  കഴിഞ്ഞാല്‍ അതു അവിടെ നടക്കും എന്ന് വിശ്വസിക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ. അതു കൊണ്ട് തന്നെ  ഔപചാരിക പഠനം എന്നത്( ജീവിതത്തിലെ പ്രധാനപ്പെട്ട പലപാഠങ്ങളും കുട്ടി സ്വന്തം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അനുഭവത്തിലൂടെ നേടി എടുക്കേണ്ടതാണല്ലോ) സ്ക്കൂളില്‍ വച്ചു തന്നെ നടക്കേണ്ടതാണു. ഒരു ഹോം വര്‍ക്കിലൂടെ പഠിക്കേണ്ടതല്ല. ഹോം വര്‍ക്ക്  നല്‍കുകയാണെങ്കില്‍ തന്നെ കുട്ടിയുടെ കുടുംബ സാഹചര്യം നേരിട്ട്   മനസ്സിലാക്കി അവനു സ്വയം ചെയ്തു രസിക്കാന്‍ പാകത്തിലുള്ള ഹോം വര്‍ക്കുകള്‍ തന്നെ ആയിരിക്കണം. പുതിയ് പുസ്തക പരിഷ്കരണം വരുന്ന സാഹചര്യത്തില്‍ അതിന്റ്റെ നിര്‍മാണത്തില്‍ വരെ ഇക്കാര്യത്തിനു പ്രഥമ പരിഗണന നല്‍കട്ടെ എന്നു നമുക്ക് ആശിക്കാം.