2014 ഡിസംബർ 5, വെള്ളിയാഴ്‌ച

കലാ പ്രതിഭകള്‍ കുറ്റവാളികളോ

ഒരു കുറ്റവാളിക്കാണെങ്കില്‍ പോലും തനിക്ക് ലഭിയ്ക്കുന്ന ശിക്ഷ എന്തിനാണെന്നു അറിയുവാനുള്ള അവകാശം ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലുണ്ടെന്നാണു അറിവ്. എന്നാല്‍ ബാല്യകൌമാരങ്ങളുടെ സര്‍ഗ്ഗവാസനയെ പരിപോഷിക്കാനായി നടത്തുന്ന ഏഷ്യയിലെ വലിയ ഉത്സവം എന്നു വിശേഷിപ്പിക്കുന്ന കലോത്സവത്തിലോ? അവിടെ വര്‍ഷങ്ങളുടെ തപസ്യയിലൂടെ നേടിയ സിദ്ധി പ്രകടിപ്പിക്കുമ്പോള്‍ താന്‍ എന്തുകൊണ്ട് രണ്ടാമനോ മൂന്നാമനോ ഇശ്ശ്യാമനോ ആയി എന്നറിയുവാനുള്ള അവകാശം അവനു/ അവള്‍ക്കില്ലേ. ? എന്നാല്‍ വിധി നിര്‍ണ്ണയം നടത്തുന്നവര്‍ എപ്പോഴും എന്തെങ്കിലും അഴകൊഴമ്പന്‍ മറുപടി നല്‍കി തടി രക്ഷപ്പെടുത്താന്‍ നോക്കും. ഈ രേഖകള്‍ കോണ്‍ഫിഡന്‍ഷ്യല്‍ ആണെന്ന് പറഞ്ഞ് അധികാരികള്‍ അവരുടെ അലമാറയില്‍ പുഴുങ്ങാന്‍ വയ്ക്കും. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ തന്നെ ആണല്ലോ ഇതും . കലോത്സവത്തില്‍ നടക്കുന്ന ഇത്തരം അനേകം അന്യായങ്ങള്‍ അറിയാത്ത ആരും തന്നെ ഇവിടെ ഇല്ല. അവയില്‍ ഒന്നുമാത്രമാണിത്. എന്നെ പോലെ തന്റെ സ്വന്തം തടിയില്‍ തട്ടുമ്പോള്‍ ഒറ്റപ്പെട്ട ചില രോദനങ്ങള്‍ ഉയരുന്നത് എല്ലാവരും കണ്ടില്ലെന്നു നടിക്കുന്നു. സമൂഹത്തിനെ ഉദ്ധരിക്കാന്‍ നടക്കുന്ന ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സാമൂഹ്യപ്രവര്‍ത്തകര്‍ക്കോ എന്തിന് ഈ കുട്ടികള്‍ ഉള്ളതു കൊണ്ട് മാത്രം വയറു നിറയ്ക്കാന്‍ കഴിയുന്ന അധ്യാപകരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന അധ്യാപകസംഘടനകള്‍ക്കോ സര്‍ക്കാറിനോ ഇതൊന്നും അറിയേണ്ട കാര്യമില്ല എന്നാണോ.?എല്ലാവരും പറയുന്നത് ഇതൊന്നും നേരെ ആവില്ല എന്നാണു. നേരെ ആക്കാന്‍ കഴിവുള്ളവര്‍ ഇക്കൂട്ടത്തില്‍ തന്നെ ഉണ്ട്. പക്ഷേ മനസ്സില്ലെന്നതല്ലേ സത്യം. അനീതിക്കു നേരെ പടവാളോങ്ങിയ ചരിത്രമുള്ളഈ മണ്ണില്‍ കണ്ണും കാതും മൂടി മൌനം അവലംബിക്കുന്ന നമുക്ക് ഒരിക്കലും മാപ്പില്ല എന്ന സത്യം എന്നാണു തിരിച്ചറിയുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ